തലശേരി റെയിൽവെ സ്റ്റേഷനിൽ വീണ്ടും അത്ഭുതകരമായ രക്ഷപ്പെടുത്തൽ. ദുബൈയിലേക്കുള്ള യാത്രക്കായി
തിരുവനന്തപുരം എയർപോർട്ടിലേക്ക് പോകാൻ തലശേരി റെയിൽവെ സ്റ്റേഷനിലെത്തിയ പിണറായി സ്വദേശി അനൂപാണ് തലനാരിഴക്ക് ഫ്ലാറ്റ് ഫോമിനിടയിലകപ്പെടാതെ രക്ഷപ്പെട്ടത്. അനൂപ് റയിൽസ്റ്റേഷനിലെത്തുമ്പോഴേക്കും തിരുവനന്തപുരം എക്സ്പ്രസ് പുറപ്പെട്ടിരുന്നു. എയർപോർട്ടിലെത്താനുള്ള വ്യഗ്രത കാരണം ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ചപ്പോൾ പിടി വിട്ട് താഴേക്ക് വീഴാൻ പോയി.
ഈ സമയം ഫ്ലാറ്റ്ഫോമിലുണ്ടായിരുന്ന കണ്ണൂർ റെയിൽവെ പോലീസിലെ വിപിൻ മാത്യു ഓടിയെത്തി അനൂപിനെ രക്ഷപ്പെടുത്തി. സ്വന്തം സുരക്ഷ പോലും നോക്കാതെയായിരുന്നു വിബിൻ മാത്യുവിൻ്റെ ഇടപെടൽ. ബഹളം കേട്ട് റെയിൽവെ പൊലീസുകാരായ മനോജ് കുമാർ, ശശികുമാർ എന്നിവരുമെത്തി.
ഇതിനിടെ യാത്രക്കാരുടെ ബഹളത്തിൽ ട്രെയിൻ നിർത്തി. രക്ഷപ്പെട്ട അനൂപ് ജീവൻ പോയാലും ജോലി പോകരുതെന്ന് കരഞ്ഞുപറഞ്ഞതോടെ ആർ പി എഫ് അതേ വണ്ടിയിൽ തന്നെ അനൂപിനെ കയറ്റിയയച്ചു.
തലശേരി റയിൽവേ സ്റ്റേഷനിൽ തന്നെ ഫ്ലാറ്റ്ഫോമിൽ വീണ മുംബൈ സ്വദേശിയെ എ.എസ്.ഐ ഉമേശൻ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് വിബിൻ മാത്യുവും രക്ഷകനായത്.നേരത്തെ ചൊക്ലി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന വി ബിൻ ഡപ്യൂട്ടേഷനിലാണ് ആർപിഎഫിലെത്തിയത്.
Miraculous rescue again at Thalassery railway station; A native of Pinarayi, who went to fall to the platform, did not 'miss' his life and flight